അവന്‍
എഴുതുന്നു
നീയുറങ്ങരുതെന്നാണ്
എന്റെ ആഗ്രഹം. ആരെയും
അരിഞ്ഞെടുക്കുവാനുള്ള
തന്റേടത്തോടെയുള്ള നിന്റെ
നടപ്പാണ് എനിക്കിഷ്ടം.
ചുഴികളും മലകളും
കയറിയിറങ്ങി, ഒരു
സമുദ്രത്തിന്റെ വികാരവിക്ഷുബ്ദ്ധതയെ
പ്രതിഫലിപ്പിച്ചും നീ നടക്കണം,
എന്നും.
നടന്ന വഴികളിലൂടെ
പിന്നെ നീ സഞ്ചരിക്കണ്ട.
വിലക്കപ്പെട്ട
പാതകള്‍ താണ്ടിയും,
പുതുവഴികള്‍ തെളിച്ചും
നീ നടക്കും,
എനിക്കുറപ്പാണ്.
നിന്റെ രൂപഭാവങ്ങള്‍
മാറിയാലും, കടമകളില്‍
മാറ്റമുണ്ടാവുകയില്ല.
ഞാന്‍ ഇച്ഛിക്കുന്ന
പാതയിലൂടെ നടക്കുന്ന കേവലമൊരു
ഉപകരണമാണ് നീ. നിന്റെ
ജീവനും ജീവിതവും ഞാനാണ്,
ഞാനായാല്‍ മതി.
ഈ കുതിരയുടെ കടിഞ്ഞാണ്‍
എന്റെ കയ്യിലാണ്.
സമൂഹമേ എന്റെ കയ്യിലെ
വിലങ്ങ് അഴിക്കൂ.
ഇവളെ തേരില്‍ പൂട്ടി
ഞാന്‍ നാട് ചുറ്റട്ടെ.
ചങ്ങലകള്‍
അഴിയുന്നു
നിന്നെ
ഞാന്‍ മേയ്ക്കുകയാണ്.
എന്റെ സ്വാതന്ത്ര്യം
ആഘോഷിക്കുവാന്‍ വേണ്ടി
അടിമത്തമാണ് നിനക്ക് ഞാന്‍
വിധിച്ചത്. ഹൃദയമില്ലാത്ത
പാവയെപ്പോലെ കാണികളെ ചിരിപ്പിച്ചും
ചിന്തിപ്പിച്ചും,
നിര്‍വികാരയായി
നീ എന്റെ വാക്കുകള്‍ മൊഴിയുമ്പോള്‍
നിന്റെ മൗനം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.
ശ്രദ്ധിച്ചിരുന്നെങ്കില്‍ക്കൂടി
അത് ഞാന്‍ ഗൗനിക്കുമായിരുന്നുവെന്ന്
തോന്നുന്നില്ല.
നിനക്കായിട്ടെന്തെങ്കിലും
പറയുവാന്‍ കാണുമോ?
എനിക്കറിയില്ല.
ഇല്ലെന്ന് ഞാന്‍
വിശ്വസിക്കുന്നു.
ആ വിശ്വാസത്തില്‍
എനിക്ക് സുഖമായിട്ടുറങ്ങാം.
എന്നും.
നിന്റെ
സുരക്ഷ എന്റെ കടമ
നീ
എന്റെ കരങ്ങളില്‍ സുരക്ഷിതയാണ്.
നിന്നെ സംരക്ഷിക്കുക
എന്നത് എന്റെ കടമയുമാണ്.
ഞാനില്ലാത്തപ്പോഴുള്ള
നിന്റെ നിസ്സഹായതയാണ് എന്നെ
നിന്നിലേക്കാകര്‍ഷിക്കുന്നത്.
നീ ഒരിക്കലും
സ്വതന്ത്രയാകരുത്.
തന്റേടത്തോടെ
നടക്കൂ. പക്ഷെ
അത് ഞാന്‍ കാട്ടുന്ന വഴികളിലൂടെ,
എന്റെ ഇഷ്ടാനുസൃതമായിരിക്കണമെന്ന്
മാത്രം. നിന്റെ
സന്തോഷവുമതാണെന്ന് എനിക്കറിയാം.
നീ എന്നും തുഷ്ടയായിരിക്കണം.
അതാണെന്റെ ആഗ്രഹം.
അവള്‍
എഴുതുന്നു
എനിക്കും
ഉണ്ട് പറയുവാന്‍,
ഒരുപാട്.
എന്റെ കഥ;
ഞാന്‍ നടന്ന
വഴികളെപറ്റി. നിന്റെ
കരങ്ങള്‍ എന്നെ ഗ്രഹിക്കുമ്പോള്‍
എനിക്കുണ്ടാകുന്ന അനുഭൂതിയെ
പറ്റി. എന്നെ
നീ തടവിലാക്കുമ്പോള്‍ എന്റെ
മുഖത്തുണ്ടാക്കുന്ന ചിരിയുടെ
അര്‍ത്ഥവും ആഴവും നീ
അറിയുന്നുണ്ടായിരുന്നില്ല,
അടിയൊഴുക്കുകളും.
സന്തോഷമാണെനിക്കെന്നുള്ളത്
നിന്റെ തെറ്റിധാരണയാണ്.
പുച്ഛമാണെനിക്ക്.
സഹതാപമാണ് നിന്റെ
കോമാളിത്തരങ്ങള്‍ കാണുമ്പോള്‍.
മിണ്ടാപ്രാണിയായ
എന്നെ അമ്മാനമാടിക്കൊണ്ട്
നീ നേടുന്ന ആ നികൃഷ്ടമായ
നിര്‍വൃതി കാണുമ്പോള്‍,
നിന്റെ മുഖത്തൊന്ന്
ആഞ്ഞ് തുപ്പുവാനാണ് എനിക്ക്
തോന്നുക.
നിന്റെ
അഹങ്കാരമുണ്ടല്ലോ,
നീ ഇല്ലാതെ എനിക്കൊരു
നിലനില്പില്ലായെന്ന്.
അത് നിന്റെ അജ്ഞതയാണ്.
നീ എന്നെ മറന്നാലും,
ഉപേക്ഷിച്ചാലും
എന്നെ സ്വീകരിക്കുവാന്‍ എത്ര
കരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
- എത്ര
പേര്‍ എന്നെ സ്വീകരിച്ചിരിക്കുന്നു.
പുനര്‍ജ്ജനി
മരിച്ചെന്ന്
വിചാരിച്ച എന്തൊക്കെയോ
എഴുന്നേറ്റ് പത്തിവിടര്‍ത്തി
നില്‍ക്കുന്നു.
പുതിയ വഴികളും,
പുതിയ കാഴ്ചകളും
ആണ് അവരെനിക്ക് കാട്ടിത്തന്നത്.
എന്റെ മേലുള്ള പിടി
അയഞ്ഞപ്പോള്‍,
ഞാനൊന്ന് നടക്കുവാന്‍
ശ്രമിച്ചു. അനിവാര്യമായ
വീഴ്ചയ്ക്ക് മുമ്പുള്ള ആ ഒരു
നിമിഷമാണ് ഞാന്‍ ജീവിച്ചത്.
അക്ഷരത്തെറ്റെന്നോ,
കുത്തിവരയെന്നോ
നിങ്ങള്‍ ആരോപിക്കുന്ന അതു
പോലത്തെ ആയിരക്കണക്കിന്
നിമിഷങ്ങള്‍ക്ക് വേണ്ടിയാണ്
ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതും.
വീഴ്ചയ്ക്ക്
ശേഷം
ആ
നിമിഷങ്ങള്‍ വീണ്ടും
സംഭവിച്ചുകൊണ്ടിരുന്നു.
ഇന്നെനിക്ക് കുറച്ചകലം
ഒറ്റയ്ക്ക് നടക്കുവാന്‍
കഴിയും. വീഴ്ചകള്‍ക്ക്
കുറവുണ്ടായിട്ടില്ല.
പക്ഷെ,
അത് ഞാന്‍ കാര്യമാക്കാറില്ല.
ഒരു താങ്ങുമില്ലാതെ
എനിക്കിപ്പോള്‍ ഒറ്റയ്ക്ക്
നടക്കുവാന്‍ സാധിക്കും.
എന്നോ നഷ്ടപ്പെട്ട
എന്റെ സ്വരം ഇനിയൊരിക്കല്‍
എനിക്ക് വീണ്ടെടുക്കുവാനുമാകും.
അന്ന് നീ ഒരു ഇരുണ്ട
മുറിയുടെ കോണില്‍ ഒളിസ്ഥലം
തേടിക്കൊള്ളൂ. എന്റെ
വാക്കുകളുടെ മൂര്‍ച്ചയും,
നീട്ടവും എത്താത്ത
ഒരിടം. ഒരക്ഷരം
ഉരിയാടാതെ അവിടെയിരിക്കുമ്പോള്‍
നിനക്കെന്നെ മനസ്സിലായിക്കൊള്ളും.
എന്റെ
നാളെ, നിന്റെയും
മോഹഭംഗങ്ങളുടെ
ഒരു വറ്റാത്ത ഉറവയെന്നിലുണ്ടെന്ന്
നീ ഒരിക്കല്‍ മനസ്സിലാക്കും.
വിസ്താരമേറിയ ഒരു
ക്യാന്‍വാസില്‍ ഞാനത്
ഇറ്റിക്കും,
വര്‍ണ്ണശബളമായ ഒരു
ചിത്രം ഞാനതില്‍ തീര്‍ക്കും.
ചുവപ്പുണ്ടാകുമതില്‍,
ഒരുപാട്;
കറുപ്പും.
മനസ്സു മന്ദിച്ച
കിളവന്മാര്‍ക്കും,
നാറിപ്പഴുക്കുന്ന
ഗൃഹാതുരത്വത്തോടെ കാലാഹരണപ്പെട്ട
മൂല്യങ്ങളെ പുല്‍കുന്ന
പുത്തന്മാര്‍ക്കും അത് കണ്ട്
രസിച്ചില്ലെന്ന് വരാം.
അതെന്റെ തലവേദനയല്ല.
മാറുന്ന സംഗീതത്തിന്റെ
ഈണവും താളവുമറിഞ്ഞ്,
അതിനെയാസ്വദിക്കുവാന്‍
കഴിയാത്ത ലോകത്തിന്,
അമ്പലപ്പറമ്പുകളില്‍
കേട്ടുമറന്ന കച്ചേരികളെയോര്‍ത്ത്
കണ്ണുനീര്‍ വാര്‍ക്കാം.
പുതുവഴികളും കാഴ്ചകളും
തേടി ഞാന്‍ നടക്കും,
മരിക്കാതെ മരവിക്കാതെ
ജീവിക്കുവാന്‍.
എനിക്ക് വേണ്ടിയെങ്കിലും.
എന്റെ കാലടിപ്പാടുകള്‍
ഈ പാതകളില്‍ നിന്റെ കാലശേഷവും
കാണും. ഒരു
യാത്രക്കാരിയെ എങ്കിലും ഈ
സാഹസിക യാത്രയ്ക്കായി
പ്രേരിപ്പിക്കുവാന്‍ കഴിഞ്ഞാല്‍,
എന്റെ വീഴ്ചകള്‍ക്ക്
അര്‍ത്ഥമുണ്ടാകും.
മണ്ണിനെ ചുംബിച്ച
എന്റെ കാലുകള്‍ ധന്യമാകും.
വിട.
No comments:
Post a Comment